സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ നാല് എൻ.ഡി.ആർ.എഫ് സംഘങ്ങളുണ്ടെന്നും അടിയന്തര സാഹചര്യങ്ങളിൽ നാല് ലക്ഷം പേരെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കാറ്റ് പ്രവചനാതീതമാണ്. ഉൾമേഖലകളിലെ കാറ്റ് ഒരു പുതിയ പ്രതിഭാസമാണെന്നും ഇത് ഗസ്റ്റിനാഡോ ചുഴലിക്കാറ്റ് മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 23 ക്യാമ്പുകൾ തുറന്നതായും മന്ത്രി അറിയിച്ചു. കേരളത്തിൽ 14 ഡാമുകൾ തുറന്നതായും റവന്യു മന്ത്രി അറിയിച്ചു.

നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാർ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദുരന്ത നിവാരണത്തിനായി 25,000 രൂപ വില്ലേജ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ വിമർശനം സൂക്ഷ്മമായി പരിശോധിക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു. ആർക്കും ഒരു ബുദ്ധിമുട്ടും കൂടാതെ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെടും. 85 പേരുടെ കാര്യത്തിൽ തീരുമാനമായി. ചിലരുടെ കാര്യത്തിൽ ഭൂമി ലഭിക്കാത്ത പ്രശ്നമുണ്ടെന്നും മന്ത്രി പറഞ്ഞു.