ഖത്തറിൽ ഇന്ന് മുതൽ മഴക്കാലം; ഡിസംബർ 6 വരെ നീണ്ടു നിൽക്കും

ദോഹ: ഖത്തറിൽ ഇന്ന് മുതൽ മഴക്കാലം ആരംഭിക്കും. ഇന്നലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. പ്രാദേശികമായി അൽ വാസ്മി എന്നറിയപ്പെടുന്ന മഴക്കാലം 52 ദിവസം നീണ്ടുനിൽക്കും. ഇന്ന് മുതൽ ഡിസംബർ 6 വരെയാണ് മഴക്കാലം. ഈ കാലയളവിൽ, മേഘത്തിന്‍റെ സഞ്ചാരം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ആയിരിക്കും.

അൽ-വാസ്മിയുടെ ആരംഭത്തിൽ മഴ ലഭിക്കുന്നത് വരും ദിവസങ്ങളിൽ നല്ല മഴയുണ്ടാകുമെന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. വിവിധതരം പ്രാദേശിക സസ്യങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും ഗുണകരമാണ് അൽ വാസ്മി സീസൺ. രാജ്യത്തിന്‍റെ വടക്കൻ ഭാഗങ്ങളിലാണ് ഇന്നലെ മഴ പെയ്തത്.

ഇടിമിന്നലും മഴയും ഉണ്ടാകുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇടിമിന്നലുള്ളപ്പോൾ വീടിന് പുറത്താണെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും ചുവട്ടിലും വീടുകളുടെയും കെട്ടിടങ്ങളുടെയും ടെറസുകളിലും നിൽക്കരുതെന്നും നിർദ്ദേശം നൽകി.