രാജ്ഭവന്‍ മാർച്ച്; പങ്കെടുത്ത 7 ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടിസ്‌

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് മുതിർന്ന ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദേശം. സെക്രട്ടേറിയറ്റിലെ ഇടത് സംഘടനാ നേതാക്കൾ ആണ് മാർച്ചിൽ പങ്കെടുത്തത്. ചട്ടങ്ങൾ ലംഘിച്ച് രാഷ്ട്രീയ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു.

15ന് ഗവർണർക്കെതിരെ എൽഡിഎഫ് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഒരു ലക്ഷം പേർ മാർച്ചിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. മാർച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് ഉദ്ഘാടനം ചെയ്തത്. സർക്കാർ ഉദ്യോഗസ്ഥർ മാർച്ചിൽ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ് ഗവർണർക്ക് പരാതി നൽകിയത്. ഉദ്യോഗസ്ഥരുടെ പേരുകളും മാർച്ചിൽ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. തുടർന്ന് ഗവർണർ പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.