ടെറസിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ ലാഭകരമായി ഡ്രാഗൺ ഫ്രൂട്ട് വളർത്തി രാജേഷ്
അങ്കമാലി: ടെറസിലെ പ്ലാസ്റ്റിക് ഡ്രമ്മിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ വൻ വിളവ് നേടി രാജേഷ്. വടക്കേ കിടങ്ങൂർ തിരുതനത്തിൽ രാജേഷ് ഡേവിസും കുടുംബവുമാണ് ടെറസിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷി നടത്തുന്നത്. ഇപ്പൊൾ, നിരവധി പഴങ്ങൾ വിളവെടുപ്പിനായി തയ്യാറായി നിൽക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടങ്ങിയിട്ട് 2 വർഷമായി. നട്ട് 6 മാസം മുതൽ ഒരു വർഷത്തിനുള്ളിൽ തൈകൾ പൂവിടും.
40 ദിവസം കൂടി കാത്തിരുന്നാൽ വിളവെടുക്കാം. പഴങ്ങൾക്ക് നല്ല വിപണിയുള്ളതിനാൽ കൃഷി വളരെ ലാഭകരമാണെന്ന് രാജേഷ് പറയുന്നു. ഇത് കള്ളിച്ചെടി ഇനത്തിൽപ്പെട്ടതായതിനാൽ, കൃഷിക്ക് വെള്ളം കുറവ് മതി. മുള്ളുകൾ ഉള്ളതിനാൽ കീടങ്ങളുടെ ആക്രമണവും കുറവ്. ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് പുറമെ മുളക്, വഴുതനങ്ങ, തക്കാളി, വെണ്ട, ചീര, വെള്ളരി, വേപ്പ്, മുന്തിരി, കപ്പ, കാബേജ്, ഗാഗ് ഫ്രൂട്ട് എന്നിവയും രാജേഷ് കൃഷി ചെയ്യുന്നു. ഭാര്യ ജീനയും ആറാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ജോഹനും കൃഷിയിൽ ഒപ്പമുണ്ട്.