Latestസ്‌പോര്‍ട്‌സ്‌

രഞ്ജി ട്രോഫി; കേരളം-പഞ്ചാബ് മത്സരം സമനിലയിൽ

ചണ്ഡീഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം – പഞ്ചാബ് മത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ പഞ്ചാബ് വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി. കേരളത്തിന് ഒരു പോയന്റ് ലഭിക്കും. നേരത്തേ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 371 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് 65 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ പഞ്ചാബ് വിക്കറ്റ് പോകാതെ 15 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ പഞ്ചാബിന് വേണ്ടി 170 റണ്‍സെടുത്ത ഹര്‍നൂര്‍ സിങ്ങാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

സ്‌കോര്‍: പഞ്ചാബ് ആദ്യ ഇന്നിങ്‌സ് – 436, രണ്ടാം ഇന്നിങ്‌സ് – 15/0, കേരളം ആദ്യ ഇന്നിങ്‌സ് – 371.

അവസാന ദിവസം കളി തുടങ്ങുമ്പോള്‍ ബാബ അപരാജിത്തും അഹമ്മദ് ഇമ്രാനും ചേര്‍ന്നുള്ള കൂട്ടുകെട്ടിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന് 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് ബാബ അപരാജിത് പുറത്തായത്. 51 റണ്‍സെടുത്ത അപരാജിത് ആയുഷ് ഗോയലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്നെത്തിയ ഷോണ്‍ റോജറിനൊപ്പം ചേര്‍ന്ന് അഹമ്മദ് ഇമ്രാന്‍ ഇന്നിങ്‌സ് മുന്നോട്ട് നീക്കി. എട്ടാം വിക്കറ്റില്‍ 78 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. കേരളത്തിന്റെ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇത് തന്നെയായിരുന്നു.

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റിന് 323 റണ്‍സെന്ന നിലയിലായിരുന്നു കേരളം. എന്നാല്‍ ഇടവേളയ്ക്ക് ശേഷം മത്സരം തുടങ്ങി വൈകാതെ തന്നെ കേരളത്തിന് ഷോണ്‍ റോജറുടെ വിക്കറ്റ് നഷ്ടമായി. 27 റണ്‍സെടുത്ത ഷോണ്‍ റോജറെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി ആയുഷ് ഗോയലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളത്തിന് അഹമ്മദ് ഇമ്രാന്റെ വിക്കറ്റും നഷ്ടമായി. 86 റണ്‍സെടുത്ത ഇമ്രാന്‍ കൃഷ് ഭഗതിന്റെ പന്തില്‍ സലീല്‍ അറോറ ക്യാച്ചെടുത്താണ് പുറത്തായത്. 10 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

തുടര്‍ന്നെത്തിയ നിധീഷ് അക്കൗണ്ട് തുറക്കും മുന്‍പെ തന്നെ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 371-ന് അവസാനിച്ചു. അക്ഷയ് ചന്ദ്രന്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.പഞ്ചാബിന് വേണ്ടി കൃഷ് ഭഗത് നാലും ആയുഷ് ഗോയല്‍, നമന്‍ ധീര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.