രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്ന് പണം വാങ്ങി: കോണ്‍ഗ്രസിനെതിരെ അമിത് ഷാ
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് എംബസിയില്‍ നിന്നും ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികില്‍ നിന്നും പണം കൈപ്പറ്റിയതിനാലാണ് ഫൗണ്ടേഷന്റെ ലൈസൻസ് റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദേശ സംഭാവന സ്വീകരിക്കാനുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസ് അതിർത്തി പ്രശ്നം പാർലമെന്‍റിൽ ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ഇന്ന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. അരുണാചല്‍ പ്രദേശിലെ നിയന്ത്രണരേഖയിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോൺഗ്രസിന്റെ വിമർശനം.
“ഈ വിഷയത്തിൽ പ്രസ്താവന നടത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞതിന് ശേഷവും കോൺഗ്രസ് നിർഭാഗ്യവശാൽ ചോദ്യോത്തര വേള തടസ്സപ്പെടുത്തി. ചോദ്യോത്തര വേളയുടെ പട്ടിക ഞാൻ കണ്ടു. അഞ്ചാം നമ്പർ ചോദ്യം കണ്ടപ്പോൾ കോൺഗ്രസിന്‍റെ ഉത്കണ്ഠ എനിക്ക് മനസ്സിലായി,” അമിത് ഷാ കൂട്ടിച്ചേർത്തു.