രാജ്‌പഥ് ഇനി ഓർമ; ‘കര്‍ത്തവ്യപഥ്’ എന്ന് പേര് മാറ്റി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന പാതയായ രാജ്‌പഥിന്‍റെ പേർ കർത്തവ്യപഥ് എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള ഈ പാത ഇനി മുതൽ ‘കർത്തവ്യപഥ്’ എന്നാണ് അറിയപ്പെടുക. നിരവധി ചരിത്രസംഭവങ്ങൾക്ക് ഈ പാത സാക്ഷ്യം വഹിച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡ് ഈ വഴിയാണ് കടന്നുപോകുന്നത്. സെപ്റ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സെൻട്രൽ വിസ്ത അവന്യൂ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് രാജ്‌പഥിന്‍റെ പേര് മാറ്റുന്നത്.

ജോർജ്ജ് അഞ്ചാമൻ രാജാവിന്‍റെ ഭരണകാലത്താണ് ഈ റോഡിന് കിംഗ്സ് വേ എന്ന് പേരിട്ടത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അത് ഹിന്ദി പരിഭാഷയായ രാജ്‌പഥ് എന്നാക്കി മാറ്റി. ഈ പേരിൻമേലുള്ള കൊളോണിയൽ സ്വാധീനം ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘കര്‍ത്തവ്യപഥ്’ എന്ന പേര് ഉപയോഗിച്ചത്.