ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു

ശ്രീലങ്ക: അടിയന്തരാവസ്ഥ നിലനിൽക്കുന്ന ശ്രീലങ്കയിൽ കലാപം. തെരുവിലെ വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു. അധികാരം വിക്രമസിംഗെയ്ക്ക് കൈമാറിയതായി സ്പീക്കർ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഗോതബയ രാജപക്സെ ഇന്ന് രാജിക്കത്ത് കൈമാറുമെന്നാണ് വിവരം. ശ്രീലങ്കയിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ പ്രക്ഷേപണം നിർത്തിവെച്ചു.

അതേസമയം, പ്രസിഡന്‍റ് ഗോതബയ രാജപക്സെയെ രാജ്യം വിടാൻ ഇന്ത്യ സഹായിച്ചുവെന്ന് ചിലർ ആരോപിച്ചു. എന്നാൽ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗോതബയ രാജപക്സെയെ ഇന്ത്യ സഹായിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യം വിട്ടതിന് പിന്നാലെയാണ് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.