രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗോവയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഗോവയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ശക്തമായ ബൗളിംഗിനിടയിൽ ഗോവ കരസ്ഥമാക്കിയത് 46 റൺസിന്‍റെ ലീഡ്. മൂന്നാം ദിനം കളി തുടരുമ്പോൾ ഗോവ 311 റൺസിന് ഓൾ ഔട്ടായി.
ആദ്യ ഇന്നിങ്സിൽ 265 റൺസാണ് കേരളം നേടിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 200 റൺസെന്ന നിലയിലാണ് ഗോവ. കേരളത്തെ അഞ്ചിന് 247 എന്ന നിലയിൽ നിന്ന് 265 റൺസിന് ഓൾഔട്ടാക്കി. ഓപ്പണർ ഇഷാൻ ഗഡേക്കർ ഗോവയ്ക്കായി സെഞ്ച്വറി നേടി. 200 പന്തിൽ 105 റൺസാണ് അദ്ദേഹം നേടിയത്.
ക്യാപ്റ്റൻ ദർശൻ മിസാൽ 134 പന്തിൽ 43 റൺസ് നേടി. എസ്ഡി ലാഡ് (83 പന്തിൽ 35), മോഹിത് റെഡ്കർ (42 പന്തിൽ 37) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തി. 40.2 ഓവർ എറിഞ്ഞ ജലജ് 103 റൺസാണ് വഴങ്ങിയത്. ക്യാപ്റ്റൻ സിജോമോൻ ജോസഫ് മൂന്നും വൈശാഖ് ചന്ദ്രൻ രണ്ടും വിക്കറ്റ് വീഴ്ത്തി.