ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീം പരോളിനിടെ മ്യൂസിക് വീഡിയോ പുറത്തിറക്കി

ഡൽഹി: ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവേ പരോളിലിറങ്ങിയ ദേരാ സച്ഛാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്ങിന്‍റെ മ്യൂസിക് വീഡിയോ യൂട്യൂബിൽ വൈറലാകുന്നു. 20 വർഷത്തെ ജയിൽ വാസത്തിന് ഇടയിലാണ്
ഗുർമീത് ജയിൽ മോചിതനായത്. കുടുംബം നൽകിയ അപേക്ഷയെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് ഗുർമീതിന് 40 ദിവസത്തെ പരോൾ അനുവദിച്ചത്. ദീപാവലി ദിനത്തിലാണ് പഞ്ചാബി മ്യൂസിക് വീഡിയോ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തത്.

എഴുത്ത്, സംഗീതം, ആലാപനം, സംവിധാനം എന്നിവയുടെ ക്രെഡിറ്റിൽ ഗുർമീതിന്‍റെ പേർ പരാമർശിച്ചിട്ടുണ്ട്. റിലീസ് ചെയ്ത് 22 മണിക്കൂറിനുള്ളിൽ 42 ലക്ഷത്തിലധികം വ്യൂസ് നേടി. ഗുർമീത് ദീപങ്ങളുമായി നടക്കുന്നതും വീഡിയോയിൽ കാണാം. 10 വർഷം മുമ്പാണ് ലവ് ചാർജർ എന്ന ഗാനത്തിലൂടെ ഗുർമീത് ആൽബ രംഗത്തേക്ക് കടന്നുവന്നത്. 

ഗുർമീത് ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ‘സത്സംഗ്’ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ ഹരിയാനയിലെ കർണാൽ മേയറും ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും ഉൾപ്പെടെ നിരവധി രാഷ്ട്രീയക്കാർ പങ്കെടുത്തു.