ബലാത്സംഗക്കേസ്; ആത്മീയനേതാവ് നിത്യാനന്ദയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

ബംഗളൂരു: ബംഗളൂരുവിലെ രാമനഗര സെഷൻസ് കോടതി വിവാദ ആത്മീയ നേതാവ് നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2010ലെ ബലാത്സംഗ പരാതിയിലാണ് തേര്‍ഡ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ആത്മീയ ആവശ്യങ്ങൾക്കായി എത്തിയ യുവതിയെ നിത്യാനന്ദ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതിയിൽ കോടതി നേരത്തെയും വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

മുൻ കാർ ഡ്രൈവർ ലെനിന്‍റെ പരാതിയിലാണ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്. കേസിലെ മൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താൻ കഴിയാത്തതിനാൽ കഴിഞ്ഞ മൂന്ന് വർഷമായി വിചാരണ സ്തംഭിച്ച അവസ്ഥയിലാണ്.