സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജം; പൊലീസ് റിപ്പോർട്ട്
കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ് റിപ്പോർട്ട്. കേസ് അവസാനിപ്പിക്കാൻ അനുവാദം തേടി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. 2010ല്‍ കൊച്ചിയിലെ ഒരു വീട്ടില്‍വച്ച് ബാലചന്ദ്ര കുമാര്‍ പീഡിപ്പിച്ചെന്നാണ് കണ്ണൂർ സ്വദേശിനിയായ ഹോം നഴ്സ് പരാതി നൽകിയത്.
ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സംശയിക്കുന്നു. പരാതി നൽകിയതിൽ സംവിധായകൻ ശാന്തിവിള ദിനേശിനും പങ്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നടൻ ദിലീപിന്‍റെ മുൻ മാനേജരെയും ചില ഓൺലൈൻ മാധ്യമ പ്രവർത്തകരെയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതേസമയം തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു.
എളമക്കര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കണ്ണൂർ സ്വദേശിനിയായ യുവതിയെ ബാലചന്ദ്രകുമാർ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. 10 വർഷം മുന്‍പ് ഒരു ഗാനരചയിതാവിന്റെ വീട്ടില്‍വച്ചാണ് പീഡനം നടന്നതെന്നും പരാതിയിലുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച പരാതി എളമക്കര പൊലീസിനു കൈമാറുകയും അന്വേഷണം ഡിവൈഎസ്പി ബിജുമോനെ ഏൽപ്പിക്കുകയുമായിരുന്നു. പത്തു വർഷത്തിലേറെ പഴക്കമുള്ള കേസായതിനാൽ വസ്തുക്കളോടു കൂടെ എന്തെങ്കിലും തെളിവു കണ്ടെത്താൻ കഴിയില്ല എന്നത് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളിയായിരുന്നു.