ആർബിഐ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും; വായ്പാ നയ പ്രഖ്യാപനം ഇന്ന്
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തിൽ റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപനം നടത്തും. റിപ്പോ നിരക്കിൽ 50 ബേസിക് പോയിന്റിന്റെ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പലിശ നിരക്ക് 5.9 ശതമാനത്തിലെത്തും. ഇത് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരിക്കും.
ബാങ്കുകൾ ആനുപാതികമായി പലിശ നിരക്ക് ഉയർത്തുന്നതോടെ, വായ്പകളുടെ തിരിച്ചടവിനുള്ള ചെലവ് വർദ്ധിക്കും. ഓഗസ്റ്റിൽ പണപ്പെരുപ്പം 7 ശതമാനത്തിലെത്തിയെന്നാണ് കണക്ക്.
രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്‍റെ ഇടപെടൽ പ്രതീക്ഷിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞയാഴ്ച പലിശ നിരക്ക് 75 ബേസിസ് പോയിന്‍റ് ഉയർത്തിയിരുന്നു.