ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

ദില്ലി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. ഇതോടെ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ ആർബിഐയുടെ മൂന്നാമത്തെ ധനനയ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള ധനനയ സമിതിയുടെ തീരുമാനം ഏകകണ്ഠമാണെന്ന് യോഗത്തിനു ശേഷം മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

റിപ്പോ നിരക്ക് വർദ്ധിച്ചതോടെ സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്കും ഉയർന്നു. എസ്ഡിഎഫ് നിരക്ക് 4.15 ശതമാനത്തിൽ നിന്ന് 4.65 ശതമാനമായി ഉയർന്നു. അതേസമയം, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും 4.65 ശതമാനത്തിൽ നിന്ന് 5.15 ശതമാനമായി ഉയർന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കാത്ത രീതിയിൽ പണപ്പെരുപ്പം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കയറ്റുമതി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2022 ജൂൺ 3 വരെ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 601.1 ബിൽയൺ ഡോളറാണ്. ആവർത്തിച്ചുള്ള ഇടപാടുകൾക്കുള്ള കാർഡുകളുടെയും പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെൻറുകളുടെയും (പിപിഐ) ഇ-മാൻഡേറ്റ് / സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾക്കുള്ള പരിധി ഇപ്പോൾ 5,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.