കണ്ണൂര്‍ വിസി പുനര്‍നിയമനം; ഗവർണറുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വക്കാലത്ത് നൽകിയില്ല
ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും ചാൻസലർ കൂടിയായ ഗവർണറുടെ അഭിഭാഷകൻ വക്കാലത്ത് നൽകിയില്ല. എന്നാൽ സുപ്രീം കോടതിയുടെ നോട്ടീസിന് മറുപടി നൽകാൻ നാലാഴ്ചത്തെ സാവകാശം അവശ്യപ്പെട്ട് ഗോപിനാഥ് രവീന്ദ്രന്‍റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ കത്ത് നൽകി.
അതേസമയം, പുനർനിയമനത്തിന് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന് കാണിച്ച് കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കേസിൽ സംസ്ഥാന സർക്കാർ ഇതുവരെ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.
കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗണ്സിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ഏപ്രിലില്‍ ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ എട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണ്ടി അഭിഭാഷകരാരും ഇതുവരെ വക്കാലത്ത് സമർപ്പിച്ചിട്ടില്ല. ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഏത് അഭിഭാഷകന്‍ ഹാജരാകും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ്.