ഇന്ത്യക്കായി കളിക്കാൻ തയ്യാർ: ഇറാൻ പൗരത്വം ഉപേക്ഷിക്കുമെന്ന് ഒമിദ് സിങ്

ഇറാൻ പൗരത്വം ഉപേക്ഷിച്ച് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തയ്യാറെന്ന് ഒമിദ് സിങ്. ഇന്ത്യൻ വംശജനായ ഇറാനിയൻ വിങ്ങർ ഒമിദ് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ തയ്യാറാണെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു.

30കാരനായ ഒമിദിന്‍റെ പിതാവ് പഞ്ചാബ് സ്വദേശിയും അമ്മ ഇറാനിൽ നിന്നുള്ളയാളുമാണ്. ഇറാന്‍റെ ഫസ്റ്റ് ഡിവിഷനിലടക്കം ദീർഘകാലമായി കളിക്കുന്ന ഒമിദിന് നിലവിൽ ഓവർസീസ് സിറ്റിസൻഷിപ്പ് ഓഫ് ഇന്ത്യ കാർഡ് ഉണ്ട്. എന്നിരുന്നാലും, ഇന്ത്യൻ പൗരത്വമുള്ളവർക്ക് മാത്രമേ ദേശീയ ടീമിൽ കളിക്കാൻ കഴിയൂ എന്നതിനാൽ ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കിൽ ഒമിദ് തന്‍റെ ഇറാനിയൻ പൗരത്വം ഉപേക്ഷിക്കേണ്ടി വരും.

നേരത്തെ ഇന്ത്യൻ വംശജരായ താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് കോച്ച് ഇ​ഗോർ സ്റ്റിമാച്ച് ആവശ്യപ്പെട്ടിരുന്നു. ഒമിദുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. എന്നിരുന്നാലും, ആ സമയത്ത് തന്‍റെ ഇറാനിയൻ പൗരത്വം ഉപേക്ഷിക്കാൻ ഒമിദിന് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ഇപ്പോൾ താരം തന്‍റെ ഇറാനിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരനാകാൻ ആഗ്രഹിക്കുന്നു. ഒമിദിന് ഒരു വർഷത്തേക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നാണ് സൂചന.