നവംബറില്‍ രാജ്യത്ത് റെക്കോര്‍ഡ് കാര്‍ വില്‍പ്പന; 31.7% വർദ്ധനവ്

രാജ്യത്തെ മികച്ച 10 കാർ നിർമ്മാതാക്കൾ നവംബറിൽ 310,807 യൂണിറ്റ് കാറുകൾ വിറ്റതായി കണക്കുകൾ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 31.7 ശതമാനം വർധനയുണ്ടായി. തുടർച്ചയായ ആറാം മാസമാണ് രാജ്യത്ത് കാർ വിൽപ്പന 3 ലക്ഷം കടക്കുന്നത്. സെമികണ്ടക്ടര്‍ ചിപ്പ് പ്രതിസന്ധി അൽപ്പം ലഘൂകരിച്ചതിനെ തുടർന്ന് കമ്പനികൾ ഉൽപാദനം വർദ്ധിപ്പിച്ചിരുന്നു.

ലോകത്തിലെ നാലാമത്തെ വലിയ പാസഞ്ചർ വെഹിക്കിൾ വിപണിയാണ് ഇന്ത്യ. നിലവിൽ 7.5 ലക്ഷം വാഹനങ്ങളാണ് കമ്പനികൾ കൊടുത്ത് തീര്‍ക്കാനുള്ളത്. ഇതിൽ 3.75 ലക്ഷം വാഹനങ്ങളാണ് മാരുതി സുസുക്കിയുടെ ഓർഡർ ബുക്കിൽ മാത്രം ഉള്ളത്. നിലവിലെ വളർച്ച തുടരുകയാണെങ്കിൽ, ഈ വർഷത്തെ മൊത്തം വിൽപ്പന 2018ലെ റെക്കോർഡ് മറികടന്ന് 3.8 ദശലക്ഷം യൂണിറ്റുകൾ പിന്നിടുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2018ൽ 3.3 ദശലക്ഷം കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്.