രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച
ന്യൂഡൽഹി: വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 കടന്നു. യുഎസ് ട്രഷറി വരുമാനത്തിലെ വർദ്ധനവാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായത്.
രൂപയുടെ മൂല്യം റെക്കോർഡ് നിരക്കായ 83.02ൽ ക്ലോസ് ചെയ്തു. ഇന്ത്യൻ കറൻസിക്ക് 66 പൈസയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 82.36 രൂപയിൽ ക്ലോസ് ചെയ്ത ഇന്ത്യൻ കറൻസിയെ 82.40 രൂപയിൽ സംരക്ഷിക്കാൻ റിസർവ് ബാങ്ക് ശ്രമിച്ചു. എങ്കിലും, റിസർവ് ബാങ്കിന്‍റെ ഇടപെടലുകൾ മന്ദഗതിയിലായതിനാൽ രൂപയ്ക്ക് വീണ്ടും തിരിച്ചടിയായെന്നാണ് സൂചന.
ബോണ്ടുകളിൽ നിന്നുള്ള വരുമാനം യുഎസ് വിപണിയിൽ വർദ്ധിച്ചു. ഒപ്പം ഡോളർ ശക്തിപ്രാപിച്ചതോടെ രൂപയുടെ മൂല്യം വലിയ പ്രതിസന്ധി നേരിടുകയായിരുന്നു.