കാർബൺ ബഹിർഗമനം കുറയ്ക്കൽ; കർമ്മപദ്ധതി പുതുക്കി കേരളം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കർമ്മപദ്ധതി പരിഷ്കരിച്ച് കേരളം. 7 വർഷത്തേക്ക് 52,238 കോടിയുടെ പ്രവർത്തനങ്ങളാണ് സംസ്ഥാനം ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രിയാണ് കർമ്മപദ്ധതി പ്രകാശനം ചെയ്തത്. 2030 ഓടെ കാർബൺ ബഹിർഗമനത്തിൽ 57,000 കിലോഗ്രാം ടൺ കുറയ്ക്കുകയാണ് ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ജില്ലകളെ ദുർബല മേഖലകൾ, ഇടത്തരം ദുർബല മേഖലകൾ, കുറഞ്ഞ ദുർബല മേഖലകൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്.

9 ജില്ലകളാണ് ദുർബല മേഖലയിൽ ഉൾപ്പെടുന്നത്. വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം എന്നിവയാണവ. തിരുവനന്തപുരവും കോട്ടയവും ഇടത്തരം ദുർബല മേഖലയിലും തൃശൂർ, എറണാകുളം, പത്തനംതിട്ട എന്നിവ കുറഞ്ഞ ദുർബല മേഖലയിലും ഉൾപ്പെടുന്നു.