കശ്മീര്‍ പരാമര്‍ശം; ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷവും ബിജെപിയും

കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷവും ബി.ജെ.പിയും. ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാണിച്ച് നിയമനടപടി സ്വീകരിക്കാനാണ് നീക്കം. വിഷയത്തിൽ ജലീലിന്‍റെ വിശദീകരണം ഇന്ന് വന്നേക്കും.

ആസാദ് കശ്മീർ, ഇന്ത്യൻ അധീന കശ്മീർ എന്നീ പരാമർശങ്ങളിൽ കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഈ പരാമർശം പാകിസ്ഥാൻ സ്തുതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷവും ബിജെപിയും പ്രതിഷേധം ശക്തമാക്കുകയാണ്. രാഷ്ട്രീയ വിമർശനങ്ങൾക്കൊപ്പം ജലീലിനെതിരെ നിയമനടപടിയും സ്വീകരിക്കാനാണ് നീക്കം. ജലീലിന്‍റെ മുൻ സിമി ബന്ധത്തെ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി വിമർശിക്കുന്നത്.

പ്രതിപക്ഷ നേതാവിന്‍റേത് ഉൾപ്പെടെ യുഡിഎഫ് നേതാക്കളിൽ നിന്ന് ഇന്ന് കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാകും. വിഷയത്തിൽ സിപിഐഎം സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാകും. വിവാദ പരാമർശങ്ങൾ പരിശോധിച്ച് പ്രതികരിക്കുമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാദമായിട്ടും ജലീൽ ഇതുവരെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയിട്ടില്ല.