ജെഎൻയുവിൽ സംസ്ഥാനങ്ങളുടെ ചെലവിൽ പ്രാദേശിക ഭാഷാകേന്ദ്രങ്ങൾ

ഡൽഹി: സംസ്ഥാന സർക്കാരുകളുടെ ചെലവിൽ ജെഎൻയുവിൽ (ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി) പ്രാദേശിക ഭാഷാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർവകലാശാല അനുമതി നൽകി. ‘സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്’ എന്ന വകുപ്പിന് കീഴിലാണ് ഭാഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുക. സർവകലാശാലയുടെ നിർദ്ദേശം അംഗീകരിച്ച തമിഴ്നാട് സർക്കാർ 10 കോടി രൂപ കൈമാറി.

അസം, കർണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാന സർക്കാരുകൾ അസമീസ്, കന്നഡ, ഒഡിയ, മറാത്തി തുടങ്ങിയ ഭാഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 10 കോടി രൂപ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേരളം പ്രതികരിച്ചിട്ടില്ല.

രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യവും പ്രാദേശിക ഭാഷകളും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് പറഞ്ഞു. ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകൾ നടത്തും. കൂടാതെ, സംസ്ഥാനങ്ങളുടെ തനതായ കലാസാംസ്കാരിക രൂപങ്ങൾ പ്രദർശിപ്പിക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.