കടലിനടിത്തട്ടില്‍ കവിതാസമാഹാരം പ്രകാശനം ചെയ്ത് ചരിത്രമാക്കി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കടലിനടിയിൽ ഒരു മലയാള പുസ്തകം പ്രകാശനം ചെയ്തു. തെക്കൻ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷ, സംസ്കാരം, ജീവിതസമരങ്ങൾ, കടൽസമരങ്ങൾ എന്നിവ ഉള്‍ക്കൊള്ളുന്ന പുസ്തകമാണിത്. ഫാ. പോള്‍ സണ്ണിയുടെ ‘സ്രാവിന്റെ ചിറകുള്ള പെണ്ണ്’ എന്ന കാവ്യസമാഹാരമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം ഹാര്‍ബറില്‍ പ്രകാശനം ചെയ്തത്. ആഴക്കടൽ ഗവേഷകയും തീരദേശത്തെ ആദ്യ വനിതാ സ്കൂബാ മുങ്ങൽ വിദഗ്ധയുമായ അനിഷ അനി ബെനഡിക്ട് ആദ്യ കോപ്പി കവി ഡി.അനിൽകുമാർ നൽകി പ്രകാശനം ചെയ്തു.

പോൾ സണ്ണിയുടെ കവിതകൾക്ക് കടൽ ജീവിതത്തിന്റെ സംസ്കാരമുണ്ട്. അനിൽ കുമാർ പറഞ്ഞു. നെയ്തല്‍ തിണയുടെ ആദിമ സൗന്ദര്യശാസ്ത്രത്തെ തുഴ തണ്ടുകൊണ്ട് വരച്ചുകൊണ്ട് രചയിതാവ് കടലിന്റെ ഒരു കാവ്യാത്മക ഭൂപടം സൃഷ്ടിച്ചു. തീരദേശ മേഖലയിലെ തദ്ദേശീയ പ്രാദേശിക ഭാഷകൾ കവിതയിലൂടെ കേരളത്തിന്റെ സാഹിത്യ പ്രവാഹത്തിൽ ഉൾ പ്പെടുത്തുന്നതിൽ രചയിതാവ് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സമുദ്ര, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായ സ്കൂബാ ഡൈവിംഗ് കൂട്ടായ്മയായ ഓഷ്യനെറ്റ് അഡ്വഞ്ചേഴ്സ് കടലിനടിയിലെ പുസ്തകത്തിന്റെ പ്രകാശനത്തിന് സഹായിച്ചു. പരമ്പരാഗത സ്രാവ് വേട്ടക്കാർ, കടലാഴങ്ങളുടെ രൂപങ്ങള്‍, പാര്, കവര്, മീന്‍കാരികള്‍, ചുഴികള്‍, മതബോധങ്ങള്‍, ഒപ്പാരി ചിന്തുകള്‍, തീരത്തിന്റെ വറുതികള്‍ തുടങ്ങിയ വിഷയങ്ങള്‍ കടല്‍ക്കലിയുടെ പരുഷതയോടും ഒപ്പം ആത്മവിമര്‍ശനത്തോടെയും പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.