മന്ത്രി വി അബ്ദുറഹ്മാനെതിരായ പരാമർശം; ഫാ. തിയോഡേഷ്യസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അബ്ദുറഹിമാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ടെന്ന പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്.

മതവിദ്വേഷം വളർത്താനുള്ള ശ്രമം, സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിവാദ പരാമർശത്തിൽ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രി വി അബ്ദുറഹ്മാന് എതിരെ ഫാദർ തിയോഡേഷ്യസ് വിവാദ പരാമർശം നടത്തിയത്.

പരാമർശം വിവാദമായതോടെ ലത്തീൻ രൂപതയും ഫാ.തിയോഡേഷ്യസും ക്ഷമാപണം നടത്തി. വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴയായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഫാ. തിയോഡേഷ്യസ് അറിയിച്ചു.