മുന്നറിയിപ്പില്ലാതെ വീട്ടിലെ ഫ്യൂസ് ഊരി; നെബുലൈസർ നിലച്ച് രോഗിയായ അമ്മ ആശുപത്രിയില്‍

കോതമംഗലം: വൈദ്യുതി ബിൽ കുടിശ്ശികയെ മൂലം കോട്ടപ്പടിയിൽ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലെ ഫ്യൂസ് മുന്നറിയിപ്പില്ലാതെ ഊരിയതിനെ തുടർന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തിക്കാതായതിനാൽ രോഗിയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ഇബി അധികൃതരാണ് മൂന്നാം വാർഡ് അംഗം വടക്കുംഭാഗം സന്തോഷ് അയ്യപ്പന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

നെബുലൈസർ പ്രവർത്തനരഹിതമായതിനെ തുടർന്ന് ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ട സന്തോഷിന്‍റെ അമ്മ കാളിക്കുട്ടിയെ കോതമംഗലം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസുഖമുള്ള അമ്മയും രണ്ട് മക്കളും മാത്രം വീട്ടിലുള്ളപ്പോൾ അവരോട് പോലും കാര്യം അറിയിക്കാതെയും ഉപഭോക്താവിനെ വിവരമറിയിക്കാതെയുമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് സന്തോഷ് പറഞ്ഞു.