ഐഎഫ്എഫ്കെയിലെ കൂവൽ അപശബ്ദം മാത്രമെന്ന് രഞ്ജിത്ത്; സമൂഹമാധ്യമങ്ങളിൽ വിമര്‍ശനം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിലെ കൂവൽ വെറും അപശബ്ദം മാത്രമാണെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത്. വലിയ പ്രതിഷേധം ഉയർന്നെങ്കിലും 100 ശതമാനം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് അടുത്ത വർഷവും തുടരുമെന്ന് രഞ്ജിത്ത് പറഞ്ഞു. അതേസമയം, പരാതികൾ തള്ളിയ രഞ്ജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്.

ഐഎഫ്എഫ്കെയ്ക്ക് തിരശ്ശീല വീണെങ്കിലും വിവാദങ്ങൾക്ക് ഒരു കുറവുമില്ല. മാനേജ്മെന്‍റിനെക്കുറിച്ച് ഉയർന്ന പരാതികൾ രഞ്ജിത്ത് പൂർണമായും തള്ളിക്കളയുന്നു. റിസ‍ർവ്വേഷനിൽ വീഴ്ചയുണ്ടായിട്ടില്ല.  നൻപകൽ നേരത്ത് മയക്കത്തിൻറെ ആദ്യ ഷോയ്ക്ക് എല്ലാവരും എത്തിയതാണ് പ്രശ്നമെന്നാണ് അക്കാദമി ചെയർമാന്‍റെ നിലപാട്.

 പഴയ എസ്.എഫ്.ഐ ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു പ്രതിരോധവും സ്വീകരിക്കാതെയാണ് പ്രതിഷേധക്കാർ കടുപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്നവർ തന്നെ രഞ്ജിത്തിന്‍റെ സിനിമകളിലെ ഡയലോഗുകൾ ഉപയോഗിച്ചാണ് കൂട്ടത്തോടെ വിമർശിക്കുന്നത്. വിക്കിപീഡിയയിൽ രഞ്ജിത്തിന്‍റെ പ്രൊഫൈൽ കടുത്ത ഭാഷയിൽ തിരുത്തുന്നതിലേക്ക് വരെ എതിർപ്പ് എത്തി.