വിഖ്യാത അമേരിക്കൻ റാപ്പറും ഗ്രാമി ജേതാവുമായ കൂലിയോ വിടവാങ്ങി
ലോസ് ആഞ്ചൽസ്: അമേരിക്കൻ റാപ്പറും ഗ്രാമി അവാർഡ് ജേതാവുമായ കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്‍റെ സുഹൃത്തും ദീർഘനാളായുള്ള മാനേജറുമായ ജാരെസ് പോസി വാർത്താ ഏജൻസിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ഗായകന്‍റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ മാനേജർ വിസമ്മതിച്ചു.
ബുധനാഴ്ചയ്ക്ക് ശേഷം ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയിൽ കൂലിയോയെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി മാനേജർ സെലിബ്രിറ്റി ന്യൂസ് വെബ്സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ഗായകന്‍റെ മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കൂലിയോയുടെ യഥാർത്ഥ പേര് ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ്. റാപ്പ് സംഗീതത്തിന്‍റെ ലോകത്തേക്കുള്ള കൂലിയോയുടെ കടന്നുവരവ് എൺപതുകളിലാണ്. 1995-ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകർഷിക്കുന്നത്.