പ്രശസ്ത മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാള്‍ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ദോഹ: പ്രശസ്ത അമേരിക്കൻ സ്പോർട്സ് ജേർണലിസ്റ്റ് ഗ്രാന്‍റ് വാൾ(48) ഖത്തറിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അർജന്‍റീന-നെതർലാൻഡ്സ് മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗ്രാന്റ് വാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച പുലർച്ചെ ലുസൈൽ സ്റ്റേഡിയത്തിൽ അർജന്‍റീനയും നെതർലൻഡ്സും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് 48 കാരനായ ഗ്രാന്‍റ് കുഴഞ്ഞുവീണത്. മത്സരത്തിന്‍റെ അധിക സമയത്ത് ലുസൈൽ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്സിൽ ഇരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ജീവൻ രക്ഷിക്കാനായില്ലെന്നും ഒപ്പമുണ്ടായിരുന്ന യുഎസ് മാധ്യമപ്രവർത്തകർ പറഞ്ഞു.

സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായ ഖത്തറില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്ന റെയിൻബോ ഷർട്ട് ധരിച്ച് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് ഗ്രാന്റ് വാളിനെ നേരത്തെ തടഞ്ഞിരുന്നു. അൽ റയാനിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ യുഎസ്-വെയിൽസ് മത്സരം കാണാൻ പോകവെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്.

അതേസമയം, ഗ്രാന്‍റിന്‍റെ മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് സഹോദരൻ എറിക് രംഗത്തെത്തി. തന്‍റെ സഹോദരൻ നല്ല ആരോഗ്യവാനായിരുന്നെന്നും മരണത്തിൽ സംശയമുണ്ടെന്നും എറിക് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.