നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെ സുധാകരന്‍

തിരുവനന്തപുരം: സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തെയും നെഹ്റു കുടുംബത്തെയും തള്ളിപ്പറഞ്ഞെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. തന്‍റെ വാക്കുകൾ വളച്ചൊടിച്ച മാദ്ധ്യമപ്രവർത്തകനെതിരെയും തെറ്റായ വാർത്ത നൽകിയ ചാനലിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനസ്സിൽ ഉദ്ദേശിച്ചിട്ടില്ലാത്തതും പറയാത്തതുമായ കാര്യങ്ങളാണ് വാർത്തയ്ക്ക് നൽകിയത്. അഭിമുഖത്തിനിടെ അതേ ചാനലിൽ വ്യാജവാർത്തകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ശക്തമായ പ്രതിഷേധം അധികൃതർക്ക് നൽകിയിരുന്നു. നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചാനൽ അധികൃതർ വാർത്ത പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തരൂർ സന്നദ്ധത പ്രകടിപ്പിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ജനാധിപത്യ സംവിധാനത്തിൽ ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന പ്രസ്താവന വളച്ചൊടിച്ച് നെഹ്റു കുടുംബത്തെ തള്ളിപ്പറഞ്ഞുവെന്ന് വരുത്തി തീർക്കുകയായിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.