യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി മുന്നേറ്റം 

വാഷിങ്ടണ്‍: യു.എസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടി. ഇടക്കാല തിരഞ്ഞെടുപ്പിൽ, 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ 218 ലധികം സീറ്റുകൾ റിപ്പബ്ലിക്കൻമാർ നേടി. അതേസമയം, ഉപരിസഭയായ സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി അധോസഭയായ ജനപ്രതിനിധി സഭയിൽ നേരിയ ഭൂരിപക്ഷത്തിൽ ആണ് വിജയിച്ചത്. റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് 2024 ലെ യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിജയം.

പണപ്പെരുപ്പവും തെറ്റായ ഭരണപരിഷ്‌കാരങ്ങളും ജോ ബൈഡന്‍റെ ജനപ്രീതിയെ ബാധിച്ചതായാണ് റിപ്പോർട്ട്. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾ 50 സീറ്റുകൾ നേടിയതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതീക്ഷകൾ തകിടം മറിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി 49 സീറ്റുകൾ നേടി. എന്നിരുന്നാലും, നിരവധി നിർണായക തീരുമാനങ്ങളും ബില്ലുകളും ജനപ്രതിനിധി സഭയിലൂടെ കടന്നുകിട്ടുക ബൈഡന് വെല്ലുവിളിയാകും.