തേടിപ്പിടിച്ചുള്ള കൊതുക് കടിയുടെ കാരണം കണ്ടെത്തി ഗവേഷകർ

എത്ര തിരക്കുള്ള സ്ഥലത്തിരുന്നാലും കൊതുകുകൾ ചിലരെ മാത്രം തേടിപ്പിടിച്ച് എത്തി കുത്തുന്നതിന്റെ കാരണം കണ്ടെത്തി. കൊതുകുകളുടെ ഈ ആക്രമണം ആളുകളുടെ വ്യത്യസ്ത രക്ത ഗ്രൂപ്പുകൾ കൊണ്ടോ, അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നത് കൊണ്ടോ ആണെന്നുള്ള നിഗമനങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല.

റോക്ക്ഫെല്ലേഴ്സ് ലബോറട്ടറി ഓഫ് ന്യൂറോജനറ്റിക്സ് ആൻഡ് ബിഹേവിയറിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കൊതുകുകടിയുടെ രഹസ്യം കണ്ടെത്തിയിരിക്കുന്നത്. ചിലരുടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ഗന്ധം കൊതുകുകളെ ആകർഷിക്കുന്നവയാണെന്നും, സവിശേഷമായ ഈ ഗന്ധത്തിൽ ആകൃഷ്ടരായി കൊതുകുകൾ ഈ വ്യക്തികളുടെ അരികിലേക്ക് എത്തുന്നു എന്ന് ഗവേഷണം പറയുന്നു.

ചിലരുടെ ശരീരത്തിലെ ത്വക്കിൽ നിന്ന് പുറത്തുവരുന്ന ഫാറ്റി ആസിഡുകൾ ആണ് ഇത്തരത്തിലുള്ള ഗന്ധം പുറപ്പെടുവിക്കുന്നത്. ഈ സവിശേഷ ഗന്ധം കൊതുകുകളെ അവരിലേക്ക് ആകർഷിക്കുന്നതിന് കാരണമാകുന്നു. ശരീരത്തിൽ കാർബോക്സിൽ ആസിഡ് കൂടുതലുള്ളവരിലേക്കാണ് കൊതുകുകൾ ആകർഷിക്കപ്പെടുന്നത് എന്നും പഠനം പറയുന്നു.