വിഷ ഉറുമ്പുകളുടെ ശല്യം ;നാട് വിട്ട് ഒഡീഷയിലെ പുരി നിവാസികൾ

ഒഡീഷ: ഒഡീഷയിലെ പുരി ജില്ല വിഷ ഉറുമ്പുകളുടെ പിടിയിൽ. ജില്ലയിലെ ബ്രഹ്മൻസാഹി ഗ്രാമത്തിൽ ലക്ഷക്കണക്കിന് വിഷ ഉറുമ്പുകളാണ് അതിക്രമിച്ച് കയറിയിരിക്കുന്നത്. ചിലർ ഉറുമ്പിന്‍റെ ശല്യത്തെത്തുടർന്ന് സ്ഥലം വിട്ടു. പ്രളയജലം ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഉറുമ്പുകൾ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഒഡീഷ കാർഷിക സാങ്കേതിക സർവകലാശാലയും ജില്ലാ ഭരണകൂടവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീടുകൾ, റോഡുകൾ, വയലുകൾ, മരങ്ങൾ തുടങ്ങി ഗ്രാമത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ഉറുമ്പുകളാണ്. ഉറുമ്പിന്‍റെ കടിയേറ്റ പലർക്കും ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നുണ്ട്. വളർത്തുമൃഗങ്ങളും ഉറുമ്പുകളുടെ ആക്രമണത്തിന് ഇരയാവുന്നുണ്ട്. എവിടെപ്പോയാലും ഉറുമ്പുനാശിനി കൂടെ കൊണ്ടുനടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഉറുമ്പുനാശിനി കൊണ്ട് വൃത്തം വരച്ച് അതിനുള്ളിലാണ് ആളുകൾ കഴിയുന്നത്.