റിസോർട്ട് വിവാദം; പാർട്ടിയെ നിലപാടറിയിക്കാനുറച്ച് ഇ പി ജയരാജന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കും. ഇ പി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച പരാതിയിൽ ഇ പി ജയരാജൻ തന്‍റെ നിലപാട് പാർട്ടിയെ അറിയിച്ചേക്കും.

അതേസമയം, ഇ.പി ജയരാജനെതിരായ ആരോപണങ്ങൾ ഇന്ന് ഡൽഹിയിൽ ചേരുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഉയർന്നേക്കും. ആരെങ്കിലും വിഷയം ഉന്നയിച്ചാൽ ചർച്ച ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി. വിഷയം ഉന്നയിച്ചാൽ സംസ്ഥാന സെക്രട്ടറിയിൽ നിന്ന് വിശദാംശങ്ങൾ തേടും. അന്വേഷണം കേരളത്തിൽ തന്നെ നടത്തണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. പിബിയിൽ വിശദമായ ചർച്ച വേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

ഇ.പി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പിടിച്ചുകുലുക്കുമ്പോൾ കേന്ദ്രതലത്തിൽ ചർച്ച ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ആരോപണം മാധ്യമ സൃഷ്ടിയാണെന്നും പിബിയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിലും വിഷയങ്ങളിൽ ചർച്ച നടന്നുവെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതിനു പിന്നാലെയാണ് എംവി ഗോവിന്ദന്‍റെ വിശദീകരണം.