മൊറാഴയിലെ റിസോർട്ട് വിഷയത്തിൽ തഹസിൽദാർ തെറ്റായ റിപ്പോർട്ട് നൽകിയെന്ന് പരാതി
കണ്ണൂർ: സി.പി.എം നേതാവ് ഇ.പി ജയരാജനുമായി ബന്ധമുള്ള മൊറാഴയിലെ വൈദേഹം ആയുർവേദ റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകിയെന്ന് മുൻ സി.പി.എം അംഗവും ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായ സജിൻ.
റിസോർട്ട് നിർമ്മാണത്തിനായി പ്രദേശത്ത് ചട്ടലംഘനം നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പരിഷത്ത് ആദ്യം വിഷയത്തിൽ ഇടപെട്ടതെന്നും സജിൻ പറഞ്ഞു. റിസോർട്ടിനെതിരെ പരിഷത്ത് പ്രതിഷേധിച്ചെങ്കിലും മൊറാഴയിലെ ആയുർവേദ റിസോർട്ടിനെ സഹായിക്കുന്ന നിലപാടാണ് തഹസിൽദാർ സ്വീകരിച്ചത്. റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകി.
ഉഡുപ്പ പ്രദേശത്ത് നദിയോട് ചേർന്നുള്ള കുന്നുകളാണുള്ളത്. ഉഡുപ്പ കുന്നിടിച്ചിൽ വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ആദ്യമായി ഇക്കാര്യം പരിഷത്തിനെ അറിയിച്ചത് നാട്ടുകാരാണ്. ആ സമയത്ത് പരിഷത്ത് ഈ വിഷയത്തിൽ ഇടപെട്ടപ്പോൾ ഇ.പി ജയരാജന് ബന്ധമുള്ള റിസോർട്ടാണെന്ന് അറിയില്ലായിരുന്നു. കളക്ടർക്ക് പരാതി നൽകിയ ശേഷം കളക്ടർ തഹസിൽദാരോട് റിപ്പോർട്ട് തേടി. നാട്ടുകാരുടെ പ്രതിഷേധവും എതിർപ്പും ഉണ്ടായിട്ടും റിസോർട്ടിനെതിരെ പ്രതിഷേധമില്ലെന്ന് അന്നത്തെ തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നതായി സജിൻ പറഞ്ഞു. തനിക്ക് ഇപ്പോൾ സി.പി.എം പാർട്ടിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയം സംസാരിക്കാൻ ഇല്ലെന്നും പരിഷത്തിന്‍റെ ഭാഗമായാണ് റിസോർട്ട് നിർമ്മിക്കുന്നതിനെതിരെ താൻ രംഗത്തെത്തിയതെന്നും സജിൻ വിശദീകരിച്ചു.