കുഞ്ഞിന് ഇഷ്ട ഭക്ഷണത്തിന്റെ പേര് നല്‍കി റെസ്റ്റോറന്റ് ഉടമ

യു.കെ: കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന് അറിഞ്ഞാലുടൻ, ദമ്പതികൾ കുഞ്ഞിനുള്ള പേര് തിരയാൻ തുടങ്ങും. ചില ആളുകൾ പ്രിയപ്പെട്ട സിനിമാ താരങ്ങളുടെയോ എഴുത്തുകാരുടെയോ മറ്റ് പ്രശസ്ത വ്യക്തികളുടെയോ പേരുകൾ കുഞ്ഞിന് ഇടാറുണ്ട്. അല്ലെങ്കിൽ, ഇഷ്ടപ്പെട്ട നിറമോ പ്രിയപ്പെട്ട സ്ഥലങ്ങളോ കുഞ്ഞിന്‍റെ പേരാക്കി മാറ്റും.

എന്നാൽ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്‍റെ പേര് കുഞ്ഞിന് ഇടുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമുണ്ടായി. യുകെയിൽ ഒരു റെസ്റ്റോറന്‍റ് നടത്തുന്ന ഹിലരി ബ്രാനിഫ് തന്‍റെ പേരക്കുട്ടിക്ക് ‘പക്കോറ’ എന്ന് പേരിട്ടു. പക്കാവട എന്ന് നമ്മൾ വിളിക്കുന്ന ലഘുഭക്ഷണത്തിന്‍റെ ഉത്തരേന്ത്യൻ പേരാണ് പക്കോറ.

കുഞ്ഞിന് ഇങ്ങനെ പേരിട്ടത് വിവാദമായതോടെ വിശദീകരണവുമായി ഹിലരി രംഗത്തെത്തി. പക്കോറ തന്‍റെ പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും റെസ്റ്റോറന്‍റിന് പ്രശസ്തി ലഭിക്കാനാണ് കുഞ്ഞിനെ ആ പേരിൽ വിളിച്ചതെന്നാണ് ഹിലരി പറഞ്ഞത്.