ശബരിമല പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വരെ വഴിതിരിച്ച് വിട്ടതിനെ തുടർന്ന് തീർത്ഥാടകർക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ കരിങ്കൽ പാകിയ പാതയിൽ തീർത്ഥാടകർക്ക് സുഗമമായ യാത്ര സാധ്യമാകും.

തിരുവിതാംകൂർ ദേവസ്വം ബോർഡും സന്നിധാനത്തെ നിയന്ത്രണങ്ങളുടെ ചുമതലയുള്ള പോലീസും തമ്മിലുള്ള ഏകോപനമില്ലായ്മ കാരണം തീർത്ഥാടകർ നേരിടുന്ന ബുദ്ധിമുട്ടിനെ പറ്റിയുള്ള ചുർച്ചകൾ ശക്തമായതിന് പിന്നാലെയാണ് അധികൃതർ ഇടപെട്ടത്. പ്രായമായവർക്കും കുട്ടികൾക്കും നവീകരിച്ച പരമ്പരാഗത പാതയിൽ സുഗമമായ യാത്ര സാധ്യമാകും. ഈ സീസണിന്‍റെ തുടക്കത്തിലാണ് കോടിക്കണക്കിന് രൂപ മുടക്കി പരമ്പരാഗത റോഡ് വൃത്തിയാക്കിയത്.

തിരക്ക് നിയന്ത്രിക്കാനെന്ന വിധേന ക്യൂ കോംപ്ലക്സുകൾക്ക് പിൻവശത്ത് മുള്ളും കുപ്പിച്ചില്ലുകളും നിറഞ്ഞ മൺപാതയിലൂടെ പറഞ്ഞ് വിട്ടതാണ് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത്.