ചില്ലറ പണപ്പെരുപ്പം ഇനി ഉയര്‍ന്നേക്കില്ലെന്ന് ആര്‍ബിഐ

ന്യൂഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഇനിയും ഉയരാനിടയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബറിൽ പണപ്പെരുപ്പം 7.4 ശതമാനമായിരുന്നു. ഒക്ടോബർ മുതൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് പുതിയ റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പം രണ്ട് ഘട്ടങ്ങളിലായി നാല് ശതമാനം എന്ന ലക്ഷ്യത്തിലെത്തുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

ആദ്യ ഘട്ടത്തിൽ പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെ എത്തിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് നിക്ഷേപവും അന്താരാഷ്ട്ര വ്യാപാരവും മെച്ചപ്പെടുമെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. ഭക്ഷ്യ-സാധന വില കുറയുന്നതിനനുസരിച്ച് പണപ്പെരുപ്പം കുറയും. ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) 40 ശതമാനമാണ് ഭക്ഷ്യവില. മഴ വ്യാപകമായതോടെ കാർഷികോത്പാദനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബറിൽ പണപ്പെരുപ്പം ഒരു ശതമാനം വരെ കുറയുമെന്നാണ് ക്രെഡിറ്റ് സ്വീസിന്റെ അനുമാനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5 ശതമാനം ഉയർത്തിയിരുന്നു. പണപ്പെരുപ്പം കുറഞ്ഞാൽ റിപ്പോ നിരക്ക് വർദ്ധനവും കുറയും. നിലവിൽ 5.9 ശതമാനമാണ് റിപ്പോ നിരക്ക്. ഈ വർഷം മെയ് മുതൽ റിപ്പോ നിരക്ക് 1.90 ശതമാനം വർദ്ധിച്ചു.