പോഷക സംഘടനകളിലെ അഴിച്ചുപണി;മുസ്ലിം ലീഗ് നേതാക്കൾക്കിടയിൽ അസ്വാരസ്യം
എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ മുസ്ലിം ലീഗ് അനുബന്ധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പുനഃസംഘടനയിൽ നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും ഭാരവാഹി തിരഞ്ഞെടുപ്പിൽ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചു. പ്രവാസി വ്യവസായിയെയാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റാക്കിയത്. പേയ്മെന്‍റ് സീറ്റ് വിതരണം നടന്നുവെന്ന ആരോപണമാണ് ശക്തമാകുന്നത്. നിലവിലുള്ള ഭാരവാഹികൾ പോലും അറിയാതെയാണ് പുതിയ യൂത്ത് ലീഗ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് നേരത്തെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സി.കെ സുബൈറിനെ യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിൽ വീണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവാസി വ്യവസായിയായ കോഴിക്കോട് സ്വദേശി കാസിമാണ് എംഎസ്എഫിന്‍റെ പുതിയ വൈസ് പ്രസിഡന്‍റ്. ഇദ്ദേഹം എം.എസ്.എഫിന്‍റെ ഒരു കമ്മിറ്റിയിലും അംഗമല്ലെന്നാണ് വിമർശനം. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി മലയാളിയായ അഡ്വ.വി.കെ ഫൈസൽ ബാബുവിനെയും ഓർഗനൈസിംഗ് സെക്രട്ടറിയായി ടി.പി അഷ്റഫലിയെയും തിരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം.എസ്.എഫിന്‍റെ ദേശീയ പ്രസിഡന്‍റായി കേരളത്തിൽ നിന്നുള്ള അഹമ്മദ് സാജുവിനെ തിരഞ്ഞെടുത്തു.
രാജ്യത്തെ ആറ് തലസ്ഥാന നഗരങ്ങളിൽ മതസൗഹാർദ്ദ യോഗങ്ങൾ സംഘടിപ്പിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. രാജ്യം അപകടത്തിലാകുമ്പോൾ ഐക്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ദൗത്യം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണ്. ആരാധനാലയ സംരക്ഷണ നിയമം കർശനമായി പാലിക്കാൻ വിവിധ സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നും സെൻസസ് എടുക്കാൻ സംസ്ഥാനങ്ങളെ കൂടി അനുവദിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരണമെന്നതും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ യോഗം പ്രമേയം പാസാക്കി.