തിരുനക്കര മൈതാനം ജപ്തി ചെയ്യാൻ റവന്യൂ വകുപ്പ്
കോട്ടയം: തിരുനക്കര മൈതാനം ജപ്തി ചെയ്ത് കോട്ടയം നഗരസഭയിൽ നിന്ന് തിരിച്ചുപിടിക്കാൻ റവന്യു വകുപ്പ് . 3.51 കോടി രൂപ വാടക കുടിശിക (പാട്ടക്കുടിശിക) വരുത്തിയതിനെ തുടർന്നാണിത്. നടപടി ഒഴിവാക്കണമെന്ന നഗരസഭയുടെ അപേക്ഷ റവന്യു വകുപ്പും റവന്യു റിക്കവറി വിഭാഗവും സ്വീകരിച്ചില്ല. പണമടയ്ക്കാൻ വൈകിയാൽ നഗരസഭയുടെ അക്കൗണ്ട് മരവിപ്പിക്കുമെന്നും റവന്യു വകുപ്പ് സൂചന നൽകിയിട്ടുണ്ട്.
തിരുനക്കര മൈതാനത്തിന്റെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനാണ്. കോട്ടയം നഗരസഭ പതിറ്റാണ്ടുകളായി മൈതാനം വാടകയ്ക്കെടുത്ത് ഉപയോഗിച്ചു വരികയാണ്. ഒരു ഏക്കർ 20 സെന്റ് ആണ് മൈതാനം. 2005 മേയ് 27 മുതൽ 2022 മാർച്ച് 31 വരെയുള്ള കുടിശിക 3.51 കോടി രൂപയാണ്. 13,080 രൂപയാണ് മൈതാനത്തിന് നഗരസഭ ഈടാക്കുന്ന ദിവസ വാടക.