‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’; ഗുജറാത്തില്‍ പിടികൂടിയത് 25.80 കോടി വ്യാജ നോട്ടുകള്‍

ഗുജറാത്ത്: സൂറത്തിൽ ആംബുലന്‍സില്‍ നിന്ന് 25 കോടി വ്യാജ നോട്ടുകള്‍ പിടികൂടി ഗുജറാത്ത് പൊലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടുകളില്‍ അച്ചടിച്ചിരിക്കുന്നത്.

അഹമ്മദാബാദ്-മുംബൈ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 2000 എന്ന് അച്ചടിച്ച 25 കോടിയുടെ വ്യാജ നോട്ടുകള്‍ പിടിച്ചെടുത്തത്. ആറ് കാര്‍ട്ടലുകളിൽ 1290 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍ കണ്ടെടുത്തത്. 25.80 കോടി രൂപയുടെ വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്തകാലത്ത് പിടികൂടിയ ഏറ്റവും വലിയ വ്യാജ നോട്ട് ശേഖരമാണിത്. 

ദേശീയ ഗെയിംസ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തില്‍ എത്തിയ അവസരത്തിലാണ് ഇത്രയേറെ വ്യാജ നോട്ടുകള്‍ പിടികൂടിയതെന്നതും ശ്രദ്ധേയമാണ്. കള്ളപ്പണം തടയാനും വ്യാജ നോട്ടുകള്‍ പിടികൂടാനുമായി 2016 നവംബര്‍ 8ന് അപ്രതീക്ഷിതമായി 1000ത്തിന്‍റെയും 500ന്‍റെയും നോട്ടുകള്‍ ഒന്നാം എന്‍ഡിഎ നിരോധിച്ചിരുന്നു. പിന്നാലെ 2000 രൂപയുടെ നോട്ട് പുറത്തിറക്കുകയും ചെയ്തു. ഇതിനിടെയാണ് റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ എന്ന വ്യാജ പേരില്‍ തന്നെ ഇത്രയേറെ വ്യാജ നോട്ടുകള്‍ ഗുജറാത്തില്‍ നിന്നും പിടികൂടുന്നത്. ഇതിന് പിന്നില്‍ വന്‍ സംഘം തന്നെ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു. ആംബുലന്‍സ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.