സംവരണപട്ടികയുടെ പുനഃപരിശോധന: ഹർജി പരിഗണിക്കുന്നതിൽനിന്ന് പിന്മാറി ജസ്റ്റിസ് ഋഷികേശ് റോയ്

ന്യൂഡൽഹി: കേരളത്തിൽ സംവരണാനുകൂല്യത്തിന് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ഋഷികേശ് റോയ് പിൻമാറി. ജസ്റ്റിസ് റോയ് അംഗമല്ലാത്ത ബെഞ്ചിന് മുന്നിൽ ഹർജി ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ലിസ്റ്റ് ചെയ്തത്. എന്നാൽ, തിങ്കളാഴ്ച ഹർജി പരിഗണിച്ചപ്പോൾ, ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറി.

മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് ചെയർമാനും പ്രമുഖ അഭിഭാഷകനുമായ വി.കെ ബീരാൻ ആണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ പുനഃപരിശോധിക്കണമെന്നും പിന്നാക്ക വിഭാഗങ്ങളിൽ ഒഴിവാക്കേണ്ടവയെ ഒഴിവാക്കി പകരം പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നും ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ നിർദ്ദേശം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനും പട്ടിക പുതുക്കാനും പഠനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.