ശിക്ഷാ ഇളവ് മാനദണ്ഡം പുതുക്കുന്നു; രാഷ്ട്രീയക്കുറ്റവാളികള്‍ക്ക് ഇളവ് ലഭിക്കും

തിരുവനന്തപുരം: വിശേഷാവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരൊഴികെ മറ്റെല്ലാ വ്യക്തികൾക്കും അനുവദിക്കുന്ന ഇളവിന് രാഷ്ട്രീയ കുറ്റവാളികൾക്കും അർഹതയുള്ള തരത്തിലാവും മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നത്.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷാവസരങ്ങളിൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് പരിഷ്കരിച്ചത്. ഇതനുസരിച്ച്, ജയിലിൽ ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയ രാഷ്ട്രീയ കുറ്റവാളികളെ അവരുടെ ശിക്ഷാകാലയളവ് അവസാനിക്കുന്നതിന് മുമ്പ് മോചിപ്പിക്കാൻ കഴിയും.

വധഗൂഢാലോചന, മറ്റു സഹായങ്ങള്‍, വധശ്രമം എന്നീ കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെടാത്ത രാഷ്ട്രീയ കുറ്റവാളികൾ ശിക്ഷായിളവിന് അർഹരാകും. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗം ചെയ്തവർ, മയക്കുമരുന്ന് കേസിൽ ഏർപ്പെട്ടവർ, രാഷ്ട്രീയ കുറ്റവാളികൾ എന്നിവർക്ക് നിലവിൽ ശിക്ഷയിൽ ഇളവ് നൽകിയിട്ടില്ല. ഇപ്പോൾ രാഷ്ട്രീയക്കുറ്റവാളികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.