ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം നേടി റിച്ചാര്‍ലിസണ്‍

ദോഹ: 2022 ഫിഫ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്കാരം ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്‍റെ റിച്ചാർലിസന്‍റെ ഗോളാണ് ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു റിച്ചാർലിസന്റെ തകർപ്പൻ ഗോൾ.

വോട്ടിംഗിലൂടെയാണ് റിച്ചാർലിസൺ പുരസ്കാരം നേടിയത്. സെർബിയയ്ക്കെതിരായ മത്സരത്തിന്‍റെ 73-ാം മിനിറ്റിലായിരുന്നു ഗോൾ. വിനീഷ്യസ് ജൂനിയറിൽ നിന്ന് റിച്ചാർലിസൺ പാസ് സ്വീകരിച്ച് മികച്ച ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. മത്സരത്തിൽ ബ്രസീൽ 2-0ന് വിജയിച്ചിരുന്നു.

25 കാരനായ റിച്ചാർലിസൺ ലോകകപ്പിൽ ബ്രസീലിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന്‍റെ ഭാഗമാണ് റിച്ചാർലിസൺ. ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായിരുന്നു. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തുകയായിരുന്നു.