റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വ്‌ളോഗര്‍ റിഫ മെഹ്നുവിന്‍റെ ഭർത്താവ് മെഹ്നാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ ചുമത്തിയ കേസിലെ ജാമ്യഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയാകാത്തതിനാലാണ് മെഹ്നാസിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

കേസിൽ ഇപ്പോൾ റിമാൻഡിലാണ് മെഹ്നാസ്. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും ശാരീരികവും മാനസികവുമായ പീഡനത്തിനും കേസെടുത്തിട്ടുണ്ട്. റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

റിഫ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കേസ് അന്വേഷിച്ച കാക്കൂർ പൊലീസ് കണ്ടെത്തി. ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.