ഗുപ്കർ സഖ്യത്തിൽ വിള്ളൽ; ഒറ്റയ്ക്ക് മത്സരിക്കാൻ നാഷണൽ കോൺഫറൻസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുപ്കർ സഖ്യത്തിൽ വിള്ളൽ. ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് സഖ്യത്തിലെ പ്രശ്നം ഉടലെടുത്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ബിജെപി സർക്കാർ റദ്ദാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ ബിജെപി ഇതര പാർട്ടികൾ ഗുപ്കർ സഖ്യം രൂപീകരിച്ചത്. ഇതോടെ ബദ്ധവൈരികളായിരുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) നാഷണൽ കോൺഫറൻസും ഒന്നിച്ചു.

എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് നാഷണൽ കോൺഫറൻസ് പ്രഖ്യാപിച്ചത്. സഖ്യത്തിൽ നിന്ന് മോശം പരിഗണനയാണ് ലഭിക്കുന്നതെന്നും അതിനാലാണ് സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ജമ്മു കശ്മീരിനെ സംരക്ഷിക്കാൻ ജനങ്ങൾ ഒമർ അബ്ദുള്ളയ്ക്ക് വോട്ട് ചെയ്യണമെന്നും പാർട്ടി ട്വീറ്റ് ചെയ്തു.

നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), സിപിഎം, സിപിഐ, അവാമി നാഷണൽ കോൺഫറൻസ് എന്നിവ ഉൾപ്പെടുന്ന ഗുപ്കർ സഖ്യത്തിന്‍റെ നേതാവാണ് ഫാറൂഖ് അബ്ദുള്ള. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനേക്കാൾ വലിയ ലക്ഷ്യങ്ങളോടെയാണ് ഗുപ്കർ സഖ്യം രൂപീകരിച്ചതെന്ന് പിഡിപി പ്രതികരിച്ചു.