റിഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റും; ഡെറാഡൂണിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്യും

മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റും. ലിഗമെന്റ് ഇൻജറിയുള്ള താരത്തെ വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിൽ നിന്ന് മുംബൈയിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്ന് ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) ഡയറക്ടർ ശ്യാം ശർമ്മ പറഞ്ഞു. ആവശ്യമെങ്കിൽ റിഷഭ് പന്തിനെ ചികിത്സയ്ക്കായി യുകെയിലേക്ക് അയയ്ക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മേൽനോട്ടത്തിലാണ് റിഷഭ് പന്തിന്‍റെ ചികിത്സ നടക്കുന്നത്. അതേസമയം, റിഷഭ് പന്തിന്‍റെ ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവരെയും ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. ബസ് ഡ്രൈവർ സുശീൽ കുമാർ, കണ്ടക്ടർ പരംജിത് നൈൻ എന്നിങ്ങനെ രക്ഷിക്കാൻ മുൻകൈയെടുത്ത എല്ലാവരുടെയും വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. ബസ് ജീവനക്കാരെ റിപ്പബ്ലിക് ദിനത്തിൽ ആദരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അറിയിച്ചു.

റിഷഭ് പന്തിന്‍റെ ചികിത്സാ ചെലവ് വഹിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 30ന് റൂർക്കിക്ക് സമീപമാണ് വാഹനം അപകടത്തിൽപ്പെട്ടത്. ഡിവൈഡറിലേക്ക് ഇടിച്ച വാഹനം തീപിടിച്ച് കത്തിനശിച്ചു.