ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ലെന്ന് ഋഷി സുനക്; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

ബ്രിട്ടൻ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈ വർഷം ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി ഋഷി സുനക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഋഷി സുനക് ലോകമെമ്പാടും തരംഗം സൃഷ്ടിക്കുന്നതിനിടെ, അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

ട്രാൻസ് സ്ത്രീകളോടുള്ള സുനകിന്‍റെ നിലപാട് വ്യക്തമാക്കുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് നേരിടുന്നത്. ഓഗസ്റ്റ് 25 ന്, ടോക്ക് ടിവി ഹോസ്റ്റുചെയ്ത ഒരു ഷോയിൽ, അവതാരകൻ സുനകിനോടും ലിസ് ട്രസ്സിനോടും ട്രാൻസ് സ്ത്രീകൾ സ്ത്രീകളാണെന്ന് കരുതുന്നുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ കരുതുന്നില്ലെന്ന് ഇരുവരും ഒറ്റവാക്കിൽ മറുപടി നൽകി.

മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്, ട്രാൻസ് ആളുകളെ ബഹുമാനിക്കണം, പക്ഷേ ടോയ്ലറ്റ് അല്ലെങ്കിൽ സ്പോർട്സ് പോലുള്ള വിഷയങ്ങളിൽ ജീവശാസ്ത്രം അടിസ്ഥാനമാണെന്നാണ്. ഋഷി സുനകിന്‍റെ ഈ നിലപാടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.