ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്
ലണ്ടൻ: ആകാംക്ഷാഭരിതമായ ദിവസങ്ങൾക്ക് ശുഭാന്ത്യം. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്. 42 കാരനായ ഋഷി സുനക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഏഷ്യക്കാരനാണ്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡനും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നതിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ നേടാൻ കഴിയാതെ പിൻമാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്.
എംപിമാരുടെ പിന്തുണ ഉറപ്പാക്കാൻ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ, നൂറിലധികം എംപിമാരുടെ ജനപിന്തുണ നേടിയ ഏക സ്ഥാനാർത്ഥിയായി ഋഷി സുനക് മാറി. ബോറിസ് ജോൺസണ് 57 എംപിമാരുടെ പിന്തുണ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. പ്രാഥമിക വിവരം അനുസരിച്ച്, പെന്നി മോർഡന്‍റിന് 30 എംപിമാരുടെ പിന്തുണ മാത്രമേ നേടാനായുള്ളൂ. ബോറിസ് ജോൺസന്‍റെ പിൻഗാമിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ സെപ്റ്റംബർ 5ന് നടന്ന വോട്ടെടുപ്പിൽ ഋഷി സുനക്കിനെ പരാജയപ്പെടുത്തി ലിസ് ട്രസ് അധികാരമേറ്റ് 45-ാം ദിവസം രാജിവച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഋഷി സുനക്കിന് വീണ്ടും അവസരമൊരുങ്ങിയത്.
147 എം.പിമാരുടെ പിന്തുണ നേടിയ ഋഷി സുനക് ഞായറാഴ്ചയാണ് ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുകയാണ് തന്‍റെ ആദ്യ ദൗത്യമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന സമയത്ത് സുനക് പറഞ്ഞിരുന്നു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്.