ബ്രിട്ടിഷ് പ്രധാനമന്ത്രിയാകാൻ ഋഷി സുനക്; മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു
ലണ്ടൻ: സ്ഥാനമൊഴിഞ്ഞ ലിസ് ട്രസിന് പകരക്കാരനാകാന്‍ യുകെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജനായ ഋഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള പട്ടികയില്‍ പാര്‍ലമെന്റിലെ 128 അംഗങ്ങളുടെ പിന്തുണയോടെ മുന്നേറിയ സുനക് മുന്‍നിരയിലാണ്.
മുന്‍ പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സണ്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സുനക്കും ബോറിസും പെന്നി മോര്‍ഡൗണ്ടും തമ്മിലുള്ള ത്രികോണ പോരാട്ടമായാണ് മത്സരം രൂപപ്പെടുന്നത്.
“യുണൈറ്റഡ് കിംഗ്ഡം ഒരു മഹത്തായ രാജ്യമാണ്, പക്ഷേ ഞങ്ങള്‍ അഗാധമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു” സുനക് തന്റെ പ്രചാരണ സന്ദേശത്തില്‍ ട്വീറ്റ് ചെയ്തു. “അതുകൊണ്ടാണ് ഞാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും നിങ്ങളുടെ അടുത്ത പ്രധാനമന്ത്രിയും ആകുവാൻ ആഗ്രഹിക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥ ശരിയാക്കാനും നമ്മുടെ പാര്‍ട്ടിയെ ഒന്നിപ്പിക്കാനും നമ്മുടെ രാജ്യത്തിന് വേണ്ടി നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു”. അദ്ദേഹം പറഞ്ഞു