ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ പ്രതിജ്ഞകള്‍ക്ക് മുൻഗണന നല്‍കണമെന്ന് ഋഷി സുനക്

ബ്രിട്ടൻ: കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ കൈക്കൊണ്ട പ്രതിജ്ഞകൾക്ക് മുൻഗണന നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. നവംബർ 6 മുതൽ 16 വരെ ഷറം അൽഷെയ്ഖിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സുനക്. പ്രധാനമന്ത്രിയായ ശേഷമുള്ള സുനകിന്റെ ആദ്യ അന്താരാഷ്ട്ര പരിപാടി കൂടിയാണിത്.

വനസംരക്ഷണത്തിനും വികസ്വര രാജ്യങ്ങളിൽ ഹരിത സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും 1,860 കോടി രൂപയുടെ (200 ദശലക്ഷം പൗണ്ട്) സാമ്പത്തിക സഹായവും സുനക് വാഗ്ദാനം ചെയ്തു. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ലെന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്ന് സുനക് വളരെയധികം വിമർശനങ്ങൾ നേരിട്ടിരുന്നു.

സുസ്ഥിര ഊർജ്ജ സ്രോതസ്സുകൾക്ക് മുൻഗണന നൽകിയാൽ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ നിലനിർത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ ഹരിതഭൂമി ഭാവിതലമുറയ്ക്ക് സമ്മാനിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണുമായും സുനക് ചർച്ച നടത്തിയേക്കും.