യുക്രെയ്ൻ സന്ദർശിച്ച് ഋഷി സുനക്; പിന്തുണയറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
കീവ്: യുദ്ധമുഖത്ത് നിൽക്കുന്ന യുക്രെയ്ൻ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രെയ്ൻ സന്ദർശിക്കുന്നത്. വൊലോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ സുനക്, യുക്രെയ്‌ന് എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു.
”സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക എന്നതിന്റെ അർത്ഥം എന്താണെന്ന് ബ്രിട്ടണ് അറിയാം. ഞങ്ങൾ എന്നും നിങ്ങളോടൊപ്പമുണ്ടാകും” എന്നാണ് സുനക് പറഞ്ഞത്. സുനക് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായിട്ടാണ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയത്. ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യുക്രെയ്ന് 50 മില്യണ്‍ പൗണ്ടിന്‍റെ പ്രതിരോധ സഹായവും ഋഷി സുനക് വാഗ്ദാനം ചെയ്തു. റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി യുക്രെയ്ന് ആയിരം മിസൈല്‍ വേധ സംവിധാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേയാണ് സുനക് പ്രതിരോധ സഹായം പ്രഖ്യാപിച്ചത്. യുക്രെയ്ൻക്കാർക്കുള്ള സൈനിക പരിശീലനം കൂട്ടുമെന്നും ആര്‍മി വൈദ്യ സംഘത്തേയും എഞ്ചിനീയര്‍മാരെയും അയക്കുമെന്നും ഋഷി സുനക് വിശദമാക്കി.